Friday, September 10, 2010

RAMSAN ASAMSAKAL

ഏറെ നന്മകളും സുകൃതങ്ങളും നിറഞ്ഞ റമദാനിന്റെ അര്‍ത്ഥപൂര്‍ണമായ സന്ദേശമേതാണെന്ന് ചിന്തയിലെപ്പോഴെങ്കിലും ഒരു ചോദ്യമുയര്‍ന്നിട്ടുണ്ടോ? സംശയമേ വേണ്ട, സര്‍വതോമുഖമായ വ്യക്തിശുദ്ധീകരണവും ആത്മശിക്ഷണവും തന്നെ. വ്യക്തിയുടേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വഴിവെട്ടമേകുന്ന ഒരു മഹദ്സന്ദേശമല്ലേയത്? ദാനം മഹത്തായ പുണ്യമെന്ന യാഥാര്‍ത്ഥ്യത്തെ മുറുകെപ്പിടിച്ച് തനിക്കു താഴെയുള്ളവനെ കൈപിടിച്ചുയര്‍ത്താന്‍ വ്രതവിശുദ്ധിയുടെ നാളുകളിലെന്നല്ല, എന്നും ഏവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നത് മനുഷ്യനൊരു മാതൃക തന്നെ. പുണ്യമാസത്തെക്കുറിച്ചുള്ള വായനക്കിടയില്‍ മനസ്സില്‍ത്തട്ടിയ ഒന്നു കൂടി ഈ ആശംസയ്ക്കൊപ്പം പങ്കുവെക്കട്ടെ. റമദാനില്‍ വിശുദ്ധപ്രവാചകന്‍ മന്ദസമീരനെപോലെ ദാനംചെയ്യുമായിരുന്നെന്നാണ് പ്രമാണങ്ങളിലെ പരാമര്‍ശം. ആകര്‍ഷണീയമായ ഈ ചിന്തയുടെ മാധുര്യം നോക്കൂ. കാവ്യഭംഗിയും ഗഹനമായ ആശയവുമുള്ള സുന്ദരമായ ഒരു പരാമര്‍ശമാണത്. കാറ്റ് എവിടെ നിന്ന് വരുന്നുവെന്നോ, എവിടേക്ക് പോവുന്നുവെന്നോ എന്ന് ആര്‍ക്കെങ്കിലും അറിയാനാകുമോ? കാറ്റിനെ ആര്‍ക്കും കാണാനാകില്ലെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ നമുക്ക് അനുഭവിക്കാന്‍ കൂടി സാധിക്കുന്നു. കാറ്റിന് കുളിരുണ്ട്, സാന്ത്വനവും സമാധാനവുമുണ്ട്.

No comments:

Post a Comment